സുൽത്താൻ ബത്തേരി: വേനൽച്ചൂട് കനക്കുന്നതോടെ ദാഹമകറ്റാൻ കരിക്കിനെ ആശ്രയിക്കുന്നവരുടെ എണ്ണം ജില്ലയിൽ വർധിച്ചിരിക്കുകയാണ്. ഇതോടെ ദേശീയപാതകളോടും പ്രധാന റോഡുകളോടും ചേർന്ന് പ്രവർത്തിക്കുന്ന വഴിയോര കരിക്ക് വിപണി സജീവമായി.
ദീർഘദൂര യാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ ചൂടിന്റെ കാഠിന്യം സഹിക്കാനാകാതെ വഴിയോരത്തെ കരിക്ക് സ്റ്റാളുകളെയാണ് ആശ്രയിക്കുന്നത്. കരിക്കിൻവെള്ളം കുടിച്ച് ദാഹം തീർക്കുന്നതിനൊപ്പം കരിക്ക് കഴിച്ച് വിശപ്പകറ്റിയും പലരും യാത്ര തുടരുന്ന കാഴ്ചകളാണ് ഇപ്പോഴുള്ളത്. വിപണന കേന്ദ്രങ്ങളിലെ തണലിൽ ഇരുന്ന് വിശ്രമിക്കാനുള്ള സൗകര്യവും ചിലയിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതും യാത്രക്കാരെ കരിക്ക് സ്റ്റാളുകളിലേക്ക് ആകർഷിക്കുന്ന ഘടകമാണെന്ന് കച്ചവടക്കാർ പറയുന്നു.
വയനാടൻ കരിക്കിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെന്നും ജില്ലയിലെ കരിക്കിന് മധുരവും സ്വാദും കൂടുതലാണെന്നും വ്യാപാരികൾ പറയുന്നു. നിലവിൽ ജില്ലയിൽ ആവശ്യത്തിന് കരിക്ക് ലഭ്യമാണെന്നും തോട്ടങ്ങളിൽ നിന്ന് കരിക്ക് ഏകദേശം 30 രൂപ നിരക്കിലാണ് ലഭിക്കുന്നതെന്നും ഇടനിലക്കാർ പറഞ്ഞു.
വേനൽ കടുക്കുന്നതിനനുസരിച്ച് അടുത്ത ദിവസങ്ങളിൽ കരിക്കിന്റെ ആവശ്യകത ഇനിയും ഉയരുമെന്നാണു കച്ചവടക്കാരുടെ പ്രതീക്ഷ.